Thursday, March 10, 2011

അനാഥാലയത്തില്‍ ആത്മവിശ്വാസത്തിന്റെ പാഠവുമായി കലാം


അനാഥാലയത്തില്‍ ആത്മവിശ്വാസത്തിന്റെ പാഠവുമായി കലാം
അനാഥാലയത്തില്‍ ആത്മവിശ്വാസത്തിന്റെ പാഠവുമായി കലാം
മുക്കം: മുക്കംമുസ്‌ലിം ഓര്‍ഫനേജ് സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാം കുട്ടികളുടെ മനസ്സില്‍ നല്ല അധ്യാപകനായി. സലാം ചൊല്ലി, തമിഴ് ചുവയുള്ള മലയാളത്തില്‍ മുക്കത്തെ എല്ലാവര്‍ക്കും കുട്ടികള്‍ക്കും നമസ്‌കാരമോതി, ഇംഗ്ലീഷില്‍ തുടര്‍ന്ന സംസാരം 40 മിനിറ്റ് നീണ്ടു. എല്ലാവരും ദൈവത്തിന് മുമ്പില്‍ സമന്മാരാണെന്ന് അദ്ദേഹം  കുട്ടികളെ ഓര്‍മിപ്പിച്ചു. ഉത്കൃഷ്ടരായി വളരണം, അങ്ങനെയാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ദൈവം കൂടെയുണ്ടെന്ന വിശ്വാസം ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഖുര്‍ആന്‍ നല്‍കുന്ന പാഠമതാണ്. ദിവസവും 15 മിനിറ്റ് ഞാന്‍ ഖുര്‍ആന്‍ പാരായണത്തിലേര്‍പ്പെടാറുണ്ട്. കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ടാണ് ഉയരങ്ങള്‍ കീഴടക്കേണ്ടത്. ലക്ഷ്യത്തിലെത്തുംവരെ വിവിധ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. ചിന്തകളും സ്വപ്‌നങ്ങളും ധൈര്യവും കൈമുതലാക്കണം. ചിന്തകളിലൂടെ ബഹുദൂരം മുന്നേറണം. ഓരോ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും മുതല്‍ കൂട്ടാകും വിധം കുട്ടികളുടെ അറിവും സംഭാവനകളും വളരണം. ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി. ആരും അനാഥരല്ലെന്നും അനാഥശാല സ്‌നേഹവും സേവനവും നിങ്ങള്‍ക്ക് നല്‍കുന്നുണ്ടല്ലോ എന്ന് അന്തേവാസികളോടായും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ഡോ. കലാം മുക്കം മുസ്‌ലിം ഓര്‍ഫനേജില്‍ ഒരുക്കിയ പ്രൗഢ വേദിയിലെത്തിയത്. കുട്ടികളുടെ അടുത്തേക്ക് നടന്നടുത്ത അദ്ദേഹം കൈപിടിച്ചും കുശലം പറഞ്ഞും അവരുടെ മനസ്സില്‍ ഇടം നേടി. പ്രിയങ്കരനായ അധ്യാപകനോടെന്ന പോലെയാണ് കുട്ടികള്‍ അദ്ദേഹത്തോടിടപഴകിയത്. ലക്ഷ്യബോധമുണര്‍ത്തിയ ഇടപെടല്‍ നിറഞ്ഞസദസ്സിനു പുളകച്ചാര്‍ത്തായി. അദ്ദേഹം കുട്ടികളുടെ മോഹങ്ങള്‍ തൊട്ടുണര്‍ത്തിയ വേളയില്‍ ഡോക്ടറും എന്‍ജിനീയറുമൊക്കെയാവാന്‍ കൊതിക്കുന്ന  ഏറെ പേര്‍ കൈപൊക്കി. ഐ.എ.എസും ഐ.പി.എസും ലഭിക്കാനാഗ്രഹിക്കുന്നവരും സയന്റിസ്റ്റും ജേണലിസ്റ്റുമാകാന്‍ മോഹിക്കുന്നവരും കുറവല്ല. മുന്‍ രാഷ്ട്രപതിയുടെ പകിട്ടില്ലാത്ത പല പരാമര്‍ശനങ്ങളും കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നിശ്ചിത സമയമെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലില്‍ ചോദ്യങ്ങളുടെ ഒഴുക്കുമുറിഞ്ഞ്. 11.45 ഓടെ അദ്ദേഹം പരിപാടി അവസാനിപ്പിച്ചുതിരിച്ചു.
മുക്കം മുസ്‌ലിം ഓര്‍ഫനേജ് രക്ഷാധികാരിയും ഖത്തര്‍ അറ്റോര്‍ണി ജനറലുമായ ഡോ. വണ്ടൂര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഒ ജനറല്‍ സെക്രട്ടറി വി.ഇ. മോയി ഹാജി സ്വാഗതം പറഞ്ഞു. സ്ഥാപനത്തിനിത് അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും ദിനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എം.ഒ ട്രഷറര്‍ വി. ഉമ്മര്‍കോയഹാജി നന്ദി പറഞ്ഞു.
യു.സി. രാമന്‍ എം.എല്‍.എ, എ.ഇ. മൊയ്തീന്‍ ഹാജി, സി.പി. കുഞ്ഞുമുഹമ്മദ്, ടി.കെ. പരീക്കുട്ടിഹാജി, വി. മുഹമ്മദ് മോന്‍ഹാജി,ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. ബദറുദ്ദീന്‍ വണ്ടൂര്‍, സി. മൂസ മാസ്റ്റര്‍ തുടങ്ങി വിവിധ തുറകളിലുള്ള ഒട്ടേറെ പേര്‍ സംബന്ധിച്ചു.